ചൊവ്വ, 9 മാര്‍ച്ച് 2010

logo

എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു; ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിയ്‌ക്കുവിന്‍ (മത്താ. 5:44)


(അമ്പത്തിമൂന്നുമണി ജപത്തിന്റെ ഉത്ഭവവും, ചൊല്ലേണ്ട വിധവും, അനുബന്ധഗാനങ്ങളും മറ്റും അറിയുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക)

അമ്പത്തിമൂന്നുമണി ജപം

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിയ്ക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാന്‍ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ! അങ്ങ് സഹായം ചെയ്യണമേ!

വിശ്വാസപ്രമാണം
1 സ്വര്‍ഗ്ഗ.

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.

പരിശുദ്ധാത്മാവിന്റെ സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.
1 ത്രിത്വസ്തുതി.

ദൈവരഹസ്യങ്ങള്‍

സന്തോഷം ദുഃഖം മഹിമ പ്രകാശം
( ചൊവ്വാ, വെള്ളി ദിവസങ്ങളിലും, വലിയ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ചൊല്ലേണ്ട ദുഃഖാത്മകമായ ദൈവരഹസ്യങ്ങള്‍ )

ഒന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പൂങ്കാവനത്തില്‍ വച്ചു നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനക്ലേശത്താല്‍ രക്തം വിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനസ്തപിച്ചു പാപശാന്തി ലഭിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം


രണ്ടാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കല്‍‌ത്തൂണില്‍ കെട്ടപ്പെട്ടു ചമ്മട്ടികളാല്‍ അടിയ്ക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ പാപങ്ങളാല്‍ ഉണ്ടാവുന്ന കഠിനശിക്ഷകളില്‍ നിന്നും മനസ്താപത്താലും നല്ല വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം


മൂന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്റെ തിരുശിരസ്സില്‍ മുള്‍‌മുടി ധരിപ്പിച്ചു പരിഹാസരാജാവായിട്ട് തന്നെ സ്ഥാപിച്ചതിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലുള്ള പാപമുള്ളുകളെ മനസ്താപത്താല്‍ പിഴുതുകളയുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം


നാലാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹാ മരണത്തിനു വിധിയ്ക്കപ്പെട്ടു ഭാരമേറിയ ശ്ലീവാമരം ചുമന്നു കൊണ്ട് ഗാഗുല്‍ത്താമലയിലേയ്ക്കു പോകുന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ദുഃഖമാകുന്ന ശ്ലീവായെ ക്ഷമാപൂര്‍വ്വം ചുമന്നുകൊണ്ട് തന്നെ അനുഗമിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം


അഞ്ചാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്താമലയില്‍ വച്ചു അങ്ങേ മുമ്പാകെ ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങേ തിരുപ്പാടുകളും അങ്ങേ വ്യാകുലതകളും പതിപ്പിച്ചരുളണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

ജപമാല സമര്‍പ്പണജപം

മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരയിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതവായ മാര്‍ തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും, ഞങ്ങള്‍ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ലുത്തീനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ, (പ്രതിവചനം: “ഞങ്ങളെ അനുഗ്രഹിക്കേണമേ”)
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,
പിതാവായ ദൈവമേ,
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക സ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ, (പ്രതിവചനം: “ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ”)
ദൈവകുമാരന്റെ പുണ്യജനനി,
കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദത്തിന്റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ,
കന്യാത്വത്തിന് അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷിതാവിന്റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിയ്ക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിയ്ക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാനപൂരിതപാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്റെ കോട്ടയേ,
നിര്‍മ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
ആകാശമോക്ഷത്തിന്റെ വാതിലേ,
ഉഷഃകാലത്തിന്റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോത്ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി,

ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിയ്ക്കണമേ.
ഭൂലോകപാപങ്ങള്‍ നീക്കുന്ന...
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ഭൂലോകപാപങ്ങള്‍ നീക്കുന്ന...
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.

സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കല്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകള്‍ അങ്ങു നിരസിക്കല്ലേ! ഭാഗ്യവതിയും ആശീര്‍വ്വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ.

മു. ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ !
സ. സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍‌പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശതൃക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകള്‍ ഒക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേന്‍

പരിശുദ്ധ രാജ്ഞീ...
പ്രാര്‍ത്ഥന

സര്‍വ്വശക്തനും നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കുവാന്‍ പൂര്‍വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടൂവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേന്‍

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking.