ചൊവ്വ, 7 സെപ്‌റ്റംബര്‍ 2010

logo

കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന് നിരന്തരം പ്രാര്‍ത്ഥിയ്‌ക്കുവിന്‍ (കൊളോ. 4:2)


(1965 മെയ് ഒന്നാം തീയതി കേരളത്തിലെ ലത്തീന്‍-കല്‍ദായ സുറിയാനി കത്തോലിക്കാ മെത്രാപ്പോലീത്താമാരും മെത്രാന്‍മാരും അംഗീകരിച്ചു പ്രഖ്യാപിച്ച പ്രാര്‍ത്ഥനകള്‍)

കുരിശടയാളം ത്രിത്വസ്തുതി
സ്വര്‍ഗ്ഗസ്ഥനായ പിതാവേ നന്മനിറഞ്ഞ മറിയം
വിശ്വാസപ്രമാണം പരിശുദ്ധ രാജ്ഞി
വിശുദ്ധ ബര്‍ണ്ണാദിന്റെ ജപം ഫാത്തിമാ ജപം
ത്രിസന്ധ്യാജപം വിശുദ്ധവാര ത്രിസന്ധ്യാജപം
പെസഹാക്കാല ത്രിസന്ധ്യാജപം  


കുരിശടയാളം

ചെറുത്: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.
വലുത്: വിശുദ്ധ കുരിശിന്റെ അടയാളത്താലെ, ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന് , ഞങ്ങളെ രക്ഷിയ്ക്കുക, ഞങ്ങളുടെ തമ്പുരാനേ! പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.


ത്രിത്വസ്തുതി

പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി.
ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.


സ്വര്‍ഗ്ഗസ്ഥനായ പിതാവേ

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിയ്ക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിയ്ക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിയ്ക്കേണമേ. ആമ്മേന്‍.


നന്മനിറഞ്ഞ മറിയം

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍.


വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള്‍ സഹിച്ചു കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു, പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.


പരിശുദ്ധ രാജ്ഞി

പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍


വിശുദ്ധ ബര്‍ണ്ണാദിന്റെ ജപം

എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം അപേക്ഷിച്ച് നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താല്‍ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ചു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ. ആമ്മേന്‍.


ഫാത്തിമാ ജപം

ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ, നരകാഗ്നിയില്‍ നിന്ന് ഞങ്ങളെ രക്ഷിയ്ക്കേണമേ, എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച് അങ്ങേ സഹായ ഏറ്റം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേയ്ക്ക് ആനയിക്കേണമേ.


ത്രിസന്ധ്യാജപം

കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മറിയം ഗര്‍ഭം ധരിച്ചു.
1 നന്മ നിറഞ്ഞ.

ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിലാകട്ടെ.
1 നന്മ നിറഞ്ഞ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
1 നന്മ നിറഞ്ഞ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്നു ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

3 ത്രിത്വസ്തുതി.


വിശുദ്ധവാര ത്രിസന്ധ്യാജപം

(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്)

മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്‍കി.
1. സ്വര്‍ഗ്ഗ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടു കൂടി എന്നേയ്‌ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍.


പെസഹാക്കാല ത്രിസന്ധ്യാജപം

(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)

സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും, ഹല്ലേലൂയ്യ.
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ച ആള്‍, ഹല്ലേലൂയ്യ.
അരുളിചെയ്‌തതു പോലെ ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.
ഞങ്ങള്‍ക്കു വേണ്ടി സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ, ഹല്ലേലൂയ്യ.
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, ഹല്ലേലൂയ്യ.
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking.